തിരുവനന്തപുരം: താലൂക്കിലെ സർക്കാർ ഭൂമി പാട്ടത്തിനു കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളിൽനിന്നു പാട്ടക്കുടിശിക ഈടാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയെന്ന പരാതിയിൽ കേരള ലോകായുക്ത ഡിവിഷൻ ബെഞ്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടു.
പരാതിക്കാരനായ മുണ്ടേല പി. ബഷീർ പൊതുതാത്പര്യ ഹർജിയായി സമർപ്പിച്ച പരാതി ഫയലിൽ സ്വീകരിച്ചാണ് ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റീസ് അശോക് മേനോൻ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരിവിട്ടത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്നതനുസരിച്ച് തിരുവനന്തപുരം താലൂക്കിൽ സർക്കാർ ഭൂമി പാട്ടത്തിനു കൈവശം വച്ചിരിക്കുന്ന 62 സ്ഥാപനങ്ങളിൽനിന്നു ഗണ്യമായ തുക പാട്ടക്കുടിശികയായി ഈടാക്കാനുണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളും പരാതിക്കാരൻ ലോകായുക്തയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ, വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും ലോകായുക്ത നിർദേശം നൽകി. പാട്ടക്കരാറുകളുടെ നിലവിലെ സ്ഥിതി, കുടിശിഖ തുക, കുടിശിഖ ഈടാക്കുന്നതിനായി സ്വീകരിച്ച നടപടികൾ, വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരേ എടുത്ത നടപടികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കൂടാതെ പാട്ടക്കരാറുകൾ, ഡിമാൻഡ് നോട്ടീസുകൾ, കത്തിടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർപരിഗണനയ്ക്കുമായി കേസ് ജൂലൈ 27ലേക്കു മാറ്റിവച്ചു.